ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി
മണ്ണുത്തി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെമീര്‍ (നാച്ചു ഷെമീർ -38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പറവട്ടാനി ചുങ്കം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘമാണ് ഷെമീറിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ലഹരി വിൽപനയടക്കം നിരവധി ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ട പ്രതിയാണ് ഷമീർ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകൾ നിലവിലുണ്ട്.
പിക്കപ്പ്വാനില്‍ മീന്‍കച്ചവടം നടത്തുന്നതിനിടെ ഓട്ടോറിക്ഷയില്‍ വന്ന സംഘം ഷെമീറിെൻറ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. പറവട്ടാനി-മണ്ണുത്തി റോഡില്‍ രക്തം വാർന്ന് കിടന്ന ഷമീറിനെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മണ്ണുത്തി പൊലീസ് അവരുടെ ആംബുലന്‍സിലാണ് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആഴത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്നുപോയതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അസീന. മക്കള്‍: മുഹമ്മദ് അന്‍ഷാദ്, അന്‍ഷിത. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി മണ്ണുത്തി പൊലീസ് അറിയിച്ചു.