ദേവസ്വം ഭരണസമിതിയിലെ ഭിന്നത; താക്കീതുമായി സി.പി.എം ജില്ല നേതൃത്വം
ഗുരുവായൂർ: ദേവസ്വം ഭരണസമിതിയിൽ സി.പി.എം പ്രതിനിധിയടക്കമുള്ള ഒരുവിഭാഗം നടത്തിവരുന്ന പ്രതിഷേധങ്ങൾക്കും ബഹിഷ്കരണങ്ങൾക്കുമെതിരെ സി.പി.എം ജില്ല നേതൃത്വത്തിെൻറ താക്കീത്. ഗുരുവായൂർ ലോക്കൽ സമ്മേളനത്തിലാണ് ജില്ല സെക്രട്ടറി എം.എം. വർഗീസ് ഭരണസമിതിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണകൾ ലംഘിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനെ ഒറ്റപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ല.
ചെയർമാനെ കെട്ടിയിറക്കിയതല്ലെന്നും അദ്ദേഹം പാർട്ടിയുടെ ഭാഗമാണെന്നും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവർ ഓർക്കണമെന്നും നിർദേശിച്ചു.
പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗുരുവായൂർ സത്യഗ്രഹ സ്മാരക നവതി ആഘോഷം ദേവസ്വം സംഘടിപ്പിക്കാനിരിക്കുകയാണ്. ഇേതച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ജില്ല സെക്രട്ടറി മുന്നറിയിപ്പ് നൽകി. ദേവസ്വം ഭരണസമിതിയിലെ ഭിന്നത പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി സമ്മേളനത്തിൽ വിമർശനം ഉയർന്നപ്പോഴായിരുന്നു ജില്ല സെക്രട്ടറിയുടെ മറുപടി.
Tags:
GURUVAYOOR